ലാബ് റിപ്പോർട്ട് – പ്രവീൺ പ്രഭ

Campuslense Winner Nov 2019
11/11/2019
trust
വിശ്വാസം –  Meriya cheriyan
24/11/2019
Show all

ലാബ് റിപ്പോർട്ട് – പ്രവീൺ പ്രഭ

lab report

അവളോടൊപ്പം ചെയ്തിരുന്ന യാത്രകളിലൊരിക്കൽപ്പോലും അവൻ കാർ വേഗത്തിൽ ഓടിച്ചിരുന്നില്ല.

എന്നാലന്ന്, തിരക്കേറിയ വഴികളിൽപ്പോലും അവൻ ആക്സിലേറ്ററിലേക്ക് കാൽ അമർത്തിച്ചവിട്ടിക്കൊണ്ടേയിരുന്നു.

മുൻപിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മിക്കപ്പോഴും അവൻ ബ്രേക്ക് അമർത്തിച്ചവിട്ടി.

അവന്റെ ഉള്ളുപോലെതന്നെ ആ നീല മാരുതി ആൾട്ടോ കാർ വല്ലാതെ ഉലഞ്ഞുകൊണ്ടിരുന്നു.

പക്ഷേ,

യാത്ര ചെയ്യുന്നത് മറ്റേതോ വാഹനത്തിലെന്നപോലെ ഒന്നിനെയും ശ്രദ്ധിക്കാതെയായിരുന്നു അവൾ ഇരുന്നത്. ഗ്ളാസ് താഴ്ത്തിയിട്ട വിൻഡോസൈഡിലേക്ക് മുഖത്തിന്റെ ഒരു ഭാഗം ചേർത്ത് വച്ചിരുന്ന അവളുടെ മുടിയിഴകളാകെ കാറ്റിൽ ഉലഞ്ഞുപാറുന്നുണ്ടായിരുന്നു.

*****

അവർ തമ്മിൽ അടുത്തിട്ട് ഏതാണ്ടൊരു വർഷം ആയിരുന്നു,

ആലപ്പുഴയിൽ വച്ച് നടന്ന രമേശൻ മാഷിന്റെ ചിത്രപ്രദർശനം വഴിയാണ് സനൂപിനെ അവളാദ്യമായി കാണുന്നത്.

എണ്ണമിനുപ്പില്ലാതെ, ചെമ്പിച്ച്, നെറ്റിയിലേക്കും വശങ്ങളിലേക്കും പാറിവീണു കിടന്ന മുടിയായിരുന്നു അവന്. അത്രയേറെ നിറമില്ലാത്ത ഒരു ഡെനിം ഷർട്ടാണ് അവനന്ന് ധരിച്ചിരുന്നത്. ഓരോ ചിത്രങ്ങളെയും അവൻ സസൂക്ഷ്മം നിരീക്ഷിക്കുന്നത് അവൾ നോക്കിനിന്നു.

അല്ലെങ്കിലും രമേശൻ മാഷിന്റെ ചിത്രങ്ങളെല്ലാം അങ്ങനെയാണല്ലോ! ഓരോ തവണ നോക്കുമ്പോഴും വീണ്ടും വീണ്ടും ഉടക്കിവലിക്കുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്ന ചിത്രങ്ങൾ. രമേശൻ മാഷ്; അച്ഛന്റെ സുഹൃത്ത്, അച്ഛനെപ്പോലെ താൻ കാണുന്ന ആൾ, അനുഗ്രഹീത കലാകാരൻ.

അദ്ദേഹമാണ് തനിക്ക് സനൂപിനെ പരിചയപ്പെടുത്തുന്നത്.

“അനുമോളേ, ഇത് സനൂപ്; എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകനാണ്, ഇപ്പോൾ കേരള സർവകലാശാലയിൽ എം.ഫിൽ ചെയ്യുന്നു. കലയും കവിതയും സിനിമയും ഒക്കെയാണ് ആശാന്റെ പ്രധാന മേഖലകൾ. അതാ ഞാനിവനെ ഇങ്ങോട്ട് ക്ഷണിച്ചത്. പിന്നേ….ആളോരു മികച്ച കുക്കാണ് കേട്ടോ……”

അവസാനം പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോഴാണ് മാഷെന്തിനാണ് ഇയാളെ തനിക്ക് പരിചയപ്പെടുത്തുന്നത് എന്ന സംശയത്തിൽ നിന്ന് അനഘ പുറത്തു വരുന്നത്. നല്ല രുചിയുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള തന്റെ കൊതി മാഷിന് നന്നായി അറിയാമല്ലോ.

മാഷ് തന്നെയും സനൂപിന് പരിചയപ്പെടുത്തിക്കൊടുത്തു. കലാസ്വാദക ആണെന്നും, ഗവേഷകയാണെന്നും, എഴുതുമെന്നും, മകളെപ്പോലെയാണെന്നുമൊക്കെ മാഷ് പറഞ്ഞപ്പോഴും, നിർവികാരതയോടെ നിൽക്കുന്ന അവന്റെ മുഖത്തായിരുന്നു തന്റെ ശ്രദ്ധ മുഴുവനും.

“പിന്നെ, കേട്ടോടോ സനൂപേ, ഇവളൊരു വല്യ ഭക്ഷണപ്രിയയാ, വേണമെങ്കിൽ തന്റെ പുതിയ ഡിഷൊക്കെ ഇവളെ ടെസ്റ്റ് ചെയ്യാൻ ഏൽപിക്ക്, അവള് കറക്ട് റിവ്യൂ തരും”

മാഷ് ഇങ്ങനെ പറഞ്ഞപ്പോഴാണ് അവൻ തന്നെ സൂക്ഷിച്ചു നോക്കുന്നതും,

ചുണ്ടിന്റെ ഒരു കോൺ വക്രിച്ച് ചിരിച്ചു എന്ന് വരുത്തുന്നതും.

പിന്നീടങ്ങോട്ട് ആകസ്മികതയിൽ നിന്നും ആവശ്യകതയിലേക്ക് രൂപംമാറിയ ഒരുപാട് കണ്ടുമുട്ടലുകൾ.

ഓരോതവണ കാണുമ്പോഴും അവൻ തനിക്കായി പാകം ചെയ്ത് കൊണ്ട് വന്നിരുന്ന വിഭവങ്ങൾ; ആസ്വദിച്ച് കഴിച്ചതിനു ശേഷവും നാവിൽ രുചി നിലനിർത്തുന്ന അവന്റെ മാത്രമായ പരീക്ഷണങ്ങൾ.

അങ്ങനെ രസരുചികളിലൂടെയും,മനം മയക്കുന്ന ഗന്ധങ്ങളിലൂടെയും അവൻ തന്റെയുള്ളിൽ ആഴത്തിൽ പരക്കുകയായിരുന്നു.

അവൻ ഭക്ഷണമുണ്ടാക്കുന്നത് നേരിട്ട് കാണണമെന്ന തന്റെ നിരന്തരമായ വാശിക്കൊടുവിലാണ്

അന്ന്, ഒറ്റയ്ക്ക് താമസിക്കുന്ന ആ വീട്ടിലേക്ക് സനൂപ് തന്നെ കൊണ്ട് പോകുന്നത്.

വീടിനുള്ളിലേക്ക് കയറിയ പാടെ അരക്കെട്ടിലേക്ക് ഇരുകൈകളും ചേർത്തടുക്കി വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവൻ ചുംബിച്ചപ്പോൾ എതിർത്തില്ല.

പകരം,

പുതിയ ഏതോ മധുരപലഹാരം കഴിക്കുന്നത്ര കൗതുകത്തോടെ, കൊതിയോടെ താനവന്റെ ചുണ്ടുകളെ ആസ്വദിക്കുകയായിരുന്നു.

കണ്ണുകൾ കൂമ്പിയടഞ്ഞ്, തന്റെ കൈവിരലുകൾ മുടിയിഴകളിലേക്ക് ഇറുകെക്കോർക്കാൻ തുടങ്ങിയപ്പോഴേക്കും ചുണ്ടുകൾ വിടുവിച്ചു കൊണ്ട് അവനകന്നു മാറി.

എന്നും അവനങ്ങനെയായിരുന്നല്ലോ,,

മധുരമുള്ള, ചൂടേറിയ, നുണഞ്ഞിറക്കുന്ന,

നെറ്റിയിൽ തുടങ്ങി ചുണ്ടുകളിലൂടെ കഴുത്തിന്റെ അടിഭാഗത്ത് മാർവ്വിടത്തോട് ചേർന്ന് അവസാനിക്കുന്ന ചുബനങ്ങളായിരുന്നു അവന്റേത്.

ഒരിക്കൽ പോലും, ആ അതിരുകൾക്കപ്പുറത്തേക്ക് യാത്ര നടത്താത്ത സാഹസികനായിരുന്നു അവൻ.

അന്നാദ്യമായി വീട്ടിൽ വച്ച് അവൻ തനിക്ക് ഉണ്ടാക്കിത്തന്നത് ദോശയായിരുന്നു; അവന്റെ മാത്രമായ പൊടിക്കൈകളോടെ ഒരു സ്പെഷ്യൽ ദോശ. കവിതയെഴുതുംപോലെ അവൻ പാചകം ചെയ്യുന്നത്

കണ്ടിരിക്കാൻ തന്നെ എന്ത് രസമായിരുന്നു.

ചൂടായ കല്ലിലേക്ക് കയ്യിലിരുന്ന സ്പ്രെഡിംഗ് ബ്രഷ് കൊണ്ട് നെയ്യ് തേച്ചു പിടിപ്പിച്ചു അവൻ; എന്നിട്ട് ഗ്ളാസ് ബൗളിൽ നിറഞ്ഞിരുന്ന ദോശമാവ് കലക്കിക്കോരിയൊഴിച്ച് വളരെ കനം കുറച്ച് കല്ലിലേക്ക് വട്ടത്തിൽ പരത്തി. പൊടിയായി അരിഞ്ഞ സവാളയും ക്യാരറ്റുമാണ് അവനാദ്യം ആ ദോശയ്ക്ക് മുകളിലേക്ക് വിതറിയത്. അൽപം തക്കാളി സോസ് അതിന് മുകളിലേക്ക് ഇറ്റിച്ചശേഷം അവൻ അതിനു മുകളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചു. അതിലേക്ക് അൽപം ഉപ്പും കുരുമുളകും വിതറി. ഇളംനീലനിറത്തിൽ കിനിഞ്ഞു കത്തുന്ന ചെറുതീയിൽ അതങ്ങനെ വെന്തുപാകമായപ്പോഴേക്കും,

പച്ചമുളകും പുതിനയിലയും ചേർത്തരച്ച് വഴറ്റി

ചട്ണി ഉണ്ടാക്കിക്കഴിഞ്ഞിരുന്നു അവൻ. പാകമായ ദോശയ്ക്ക് മേലേക്ക് എന്തോ ഒരു പൊടി പിടിച്ച കൂടി വിതറി,

ഒരു വെളുത്ത പാത്രത്തിലേക്ക് അവനാ ആവി പറക്കുന്ന ദോശ കോരിമാറ്റി. ഒപ്പം കടുംപച്ച നിറത്തിൽ ഉള്ള് നിറയ്ക്കുന്ന മണമുള്ള പുതിന ചട്നിയും.

ആർത്തിയോടെ അതിലേക്ക് കയ്യിടാൻ തുടങ്ങിയ തന്നെ തടഞ്ഞു കൊണ്ട്, അവനാ ദോശയുടെ നടുഭാഗം മുറിച്ച് ചട്നിയിൽ മുക്കി തന്റെ വായിലേക്ക് വച്ചുതന്നു. ഉപ്പും, എരിവും മധുരവും, പാതിവെന്ത മുട്ടമഞ്ഞയുമൊക്കെക്കൂടിച്ചേർന്ന് ഉള്ളിലുണ്ടാക്കിയ മേളപ്പെരുക്കം

പക്ഷേ,

തനിക്ക് അപ്പോളവനോട് തോന്നിയ പ്രണയത്തിന്റെ അത്ര ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അങ്ങനെ രുചികളിലൂടെ, നിഷ്കളങ്കമായ പ്രണയത്തിലൂടെ അവൻ ഉള്ളാകെ പടർന്നുപിടിച്ചു.

ചൂടോടെ, ആ ദോശ മുഴുവൻ കഴിച്ചപ്പോഴേക്കും, അവൻ ഒരു വലിയ കപ്പ് നിറയെ കോഫി തന്നു. ക്രീം ചേർത്ത് കൊഴുപ്പിച്ച,

നേർത്ത കയ്പ്പ് തോന്നിപ്പിക്കുന്ന കോഫി.

അത്രയേറെ കഴിച്ചതിനാലോ എന്തോ;

പിന്നീട് സംസാരിക്കാൻ വേണ്ടി സോഫയിലേക്ക് ചാഞ്ഞിരുന്ന താൻ അവനെന്തോ പറഞ്ഞുകൊണ്ടിരുന്നതിനിടയിൽ അറിയാതെ ഉറങ്ങിപ്പോയിരുന്നു.

വെയിൽ മങ്ങിത്തുടങ്ങുമ്പോളാണ് താൻ ഉറക്കം വിട്ടെഴുന്നേൽക്കുന്നത്.

അവനെന്ത് വിചാരിച്ചു കാണും എന്ന ചമ്മലോടെ മുഖമൊക്കെ നന്നായിക്കഴുകി മുൻവശത്തേക്ക് ചെന്നപ്പോൾ ‘അനുരാഗത്തിന്റെ ദിനങ്ങൾ’ വായിച്ചു കൊണ്ട് അവനാ അരഭിത്തിയിലിരിപ്പുണ്ടായിരുന്നു..

“ആഹാ എണീറ്റോ? ഞാൻ കരുതി ഇനി നാളെ രാവിലെയേ എണീക്കുന്ന്.”

“അതിപ്പോ, ഇങ്ങനെ വയറുനിറയെ ഭക്ഷണം കഴിച്ചാൽ ആരായാലും ഉറങ്ങിപ്പോവും…

ഹോ, ഇറ്റ് വാസ് റിയലി ഹെവി മാൻ”

“പിന്നേ ഹെവി; അപ്പൊ ശരിക്കുള്ള ഹെവി കഴിച്ചാൽ താൻ ഉണരുകയേ ഇല്ലല്ലോ.”

അതെ.. ഭക്ഷണം കഴിക്കുമ്പോഴും,

യാത്ര ചെയ്യുമ്പോഴും,

ഒപ്പമിരിക്കുമ്പോഴുമൊക്കെയുള്ള ഉറക്കം തൂങ്ങൽ,

അകാരണമായ ക്ഷീണം,

ഇവയൊക്കെയായിരുന്നു തന്റെ പ്രശ്നങ്ങൾ.

ആദ്യമൊന്നും കാര്യമാക്കിയില്ല.

പക്ഷേ,

തുടരെത്തുടരെയുള്ള പനിയും,

വിട്ടുമാറാത്ത ക്ഷീണവും കണ്ടുകൊണ്ടാണ് അവൻ തന്നെ നിർബന്ധിക്കുന്നത്,

ഒരു നല്ല ഫിസിഷ്യനെ കാണാൻ.

————- —————-

അങ്ങനെ ഡോക്ടറെ കണ്ട്, പരിശോധനകളും കഴിഞ്ഞ ശേഷമുള്ള വരവായിരുന്നു അത്.

അവർ രണ്ടുപേരും തമ്മിൽ ഒന്നും സംസാരിച്ചില്ല.

ഇടയ്ക്ക് അവൾ പാളിനോക്കിയപ്പോഴെല്ലാം അവന്റെ മുഖം വലിഞ്ഞ് മുറുകി ഇരുന്നു.

കാറിന്റെ പിൻസീറ്റിൽ അവളുടെ ലാബ് പരിശോധകളുടെ റിസൾട്ട് കിടപ്പുണ്ടായിരുന്നു.

ഒട്ടുനേരത്തെ യാത്രയ്ക്ക് ശേഷം

വീടിനുമുന്നിലേക്ക് സനൂപ് തന്റെ നീലക്കാർ

വലിയ ശബ്ദത്തോടെ ഇരച്ചു നിർത്തി.

എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു

“ഇറങ്ങ്……”

അവൾ മുൻസീറ്റിൽ നിന്നും ഇറങ്ങുമ്പോഴേക്കും വീടിന്റെ വാതിൽ തുറന്നിരുന്നു സനൂപ്.

അകത്തേക്ക് കയറിയപാടെ അവളെ ഉറുമ്പടക്കം പുണർന്നു അവൻ. ഞെട്ടൽ മാറുന്നതിന് മുൻപേ,

കുതറിമാറാൻ കഴിയുന്നതിന് മുൻപേ,

അവനവളുടെ ചുണ്ടുകളെ മുദ്രവച്ചിരുന്നു.

അന്നാദ്യമായി അവന്റെ ചുംബനങ്ങൾ അവളുടെ കഴുത്തിന് താഴേക്ക്, വളരെ താഴേക്ക് പടർന്നിറങ്ങി.

കുതറിമാറാൻ അവൾ ശ്രമിച്ചപ്പോളൊക്കെ കൂടുതൽ ശക്തിയോടെ അവനവളിലേക്ക് പടർന്നു കൊണ്ടേയിരുന്നു.

ഒടുവിൽ,

ഒന്നായ ഉടലുകൾ വേർപ്പെടുത്തി,

അവൻ ഉയരുമ്പോൾ

തലയിണയുടെ ഒരു വശത്തേക്ക് മുഖം

ചരിച്ചു വച്ച് വിതുമ്പിക്കരയുകയായിരുന്നു അവൾ.

ഒരു കയ്യാൽ അവളുടെ മുഖമുയർത്തിക്കൊണ്ട് സനൂപ് ചോദിച്ചു..

“അനൂ, നിനക്കെന്നോട് ദേഷ്യമുണ്ടോ?

ഇഷ്ടമായില്ലേ നിനക്ക്?”

കണ്ണീരിനും വിങ്ങലിനുമിടയിൽ അവളുടെ മറുപടി വിറച്ചുനേർത്തിരുന്നു.

“ഇത്രയും നാളിനുള്ളിൽ പലതവണ

ശരീരവും മനസ്സും ആഗ്രഹിച്ചപ്പോഴൊക്കെ നീയകന്നുമാറി;

ഇന്ന്,

എന്റെ ഈ അവസ്ഥയിൽ, ഇതറിഞ്ഞിരുന്നുകൊണ്ട് എന്തിനായിരുന്നു സനൂ ഇങ്ങനെ??”

ഒട്ടും ആലോചിക്കാൻ സമയമെടുക്കാതെ,

തൊടുത്തു വിട്ടതുപോലെയുള്ള അവന്റെ മറുപടി അവളുടെ ചോദ്യത്തിന്റെ വേരറുത്തു.

“മോളേ, ഈ ഇക്വാളിറ്റി എന്ന് പറയുന്നത് പ്രസംഗത്തിൽ മാത്രം പോര,

ഞാനും എനിക്കുള്ളതും ഒക്കെ നിന്റേതാണ്, എനിക്കുള്ളതൊക്കെ നിനക്കുള്ളതാണ് എന്ന് ഇടയ്ക്കിടെ പറയാറുണ്ടല്ലോ.,

അപ്പോ നിനക്ക് ഉള്ളതൊക്കെ എന്റേതാണ്., എന്തായാലും എനിക്ക് വേണം.

ഒന്നും അങ്ങനെയിപ്പൊ സ്വന്തമായിട്ട് അനുഭവിക്കണ്ട…

“സനൂ, എടാ നീയെന്താ ഈ പറയുന്നത്?

അതുപോലെയാണോ ഇത്?

എന്റെ ഈ അസുഖ……

മുഴുമിക്കാൻ സമ്മതിക്കാതെ അവൻ അവളുടെ ചുണ്ടുകളിൽ വിരൽ ചേർത്തുവച്ചു.

“നമ്മളിപ്പൊ ഒന്നാണ്, എല്ലാത്തരത്തിലും.

ഇനിയങ്ങോട്ട് ഏതറ്റം വരെയും അതങ്ങനെ ആയിരിക്കുകയും ചെയ്യും.

ഇനി ഇങ്ങോട്ടൊന്നും പറയണ്ട.

അതല്ല, അത്രയ്ക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ

പറഞ്ഞാൽ മതി.

നല്ലോണം മധുരം ചേർത്ത് ഒരു കോഫി തരാം, അതങ്ങോട്ട് ഊതിക്കുടിക്ക്…..”

ഇത്രയും പറഞ്ഞ് അവളുടെ ചുണ്ടുകളിൽ ചേർന്നിരുന്ന വിരൽ പിൻവലിച്ച് എഴുന്നേൽക്കാൻ തുടങ്ങിയ അവനെ

ഉള്ള് ചീന്തുന്ന ഒരു പൊട്ടിക്കരച്ചിലോടെ  തന്നിലേക്ക് വലിച്ചിട്ടു അവൾ;

എന്നിട്ട്

മുറുകെപ്പുണർന്നു,

ഭ്രാന്തമായി ഉമ്മവച്ചു.

കണ്ണീരിനിടയിലും അവളപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു, നിറഞ്ഞ ചിരി..

ആ വീടിന് പുറത്ത് കിടന്നിരുന്ന നീലക്കാറിന്റെ പിൻസീറ്റിൽ അപ്പോഴും കിടപ്പുണ്ടായിരുന്നു

അവളുടെ എലീസ ടെസ്റ്റിന്റെ ലാബ് റിപ്പോർട്ട്.

അനഘ.എ

ഫീമെയിൽ

28വയസ്സ്.

HIV പോസിറ്റീവ്…

—————————————©️ പ്രവീൺ പ്രഭ—-